ചെറുപുഴ (കണ്ണൂര്‍): ആത്മവിശ്വാസംകൊണ്ടു കാന്‍സറിനെ അതിജീവിക്കാൻ ശ്രമിച്ചതിനൊപ്പം സമൂഹമാധ്യമങ്ങളിലൂടെ തന്റെ അതിജീവനയാത്രയും അനുഭവങ്ങളും പങ്കിട്ട് കാന്‍സര്‍രോഗികൾക്ക് ആത്മധൈര്യം പകരുകയും ചെയ്ത ശ്രദ്ധേയയായ പോരാളി ലേഖ അംബുജാക്ഷൻ ഇനി ഓർമ.
കാൻസറിനെതിരേ രണ്ടര വർഷത്തെ ചെറുത്തുനില്പിനൊടുവിലാണ് ലേഖ അംബുജാക്ഷൻ (44) മരണത്തിനു കീഴടങ്ങിയത്. തന്റെ രോഗാവസ്ഥ, കടന്നുവന്ന വഴികൾ, രോഗവേളകളിൽ ആത്മവിശ്വാസത്തോടുകൂടിയുള്ള തന്റെ ജീവിതം എന്നിവ സമൂഹമാധ്യമങ്ങളിലൂടെ ലേഖ പലപ്പോഴായി വിവരിച്ചിരുന്നു. കാൻസർ രോഗബാധിതരായി എല്ലാം അവസാനിച്ചുവെന്ന് കരുതിയ നിരവധി പേർക്ക് ഇവരുടെ സമൂഹമാധ്യമ ഇടപെടൽ ആത്മവിശ്വാസവും ഇച്ഛാശക്തിയോടെ രോഗത്തോടു പൊരുതാനുള്ള കരുത്താകുകയും ചെയ്തു.
പലതവണ മരണത്തെ മുന്നിൽക്കണ്ട ലേഖ തന്റെ ഇച്ഛാശക്തിയും ജീവിതസ്വപ്നങ്ങളും വിവരിച്ച് തിരിച്ചെത്തുകയായിരുന്നു. മരണത്തിനു തൊട്ടുമുന്‍പുള്ള ദിവസങ്ങളിലും ലേഖ ക്ഷീണിതയെങ്കിലും സോഷ്യൽമീഡിയയിൽ തന്റെ ഭർത്താവായ ‘അന്പുവേട്ടനിലൂടെ’ സജീവമായിരുന്നു.
ഹ്രസ്വചിത്രങ്ങളിലൂടെയും ഡോക്യുമെന്ററിയിലൂടെയും ലേഖ അംബുജാക്ഷൻ ശ്രദ്ധേയയായിരുന്നു. ഇവർ നാഗാലാൻഡിലെ ഗോത്രജനതയെക്കുറിച്ച് തയാറാക്കിയ ഡോക്യുമെന്ററി ദേശീയതലത്തിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ലേഖ ചലച്ചിത്രമേഖലയിലേക്കു കടന്നത്. 2019ൽ പുറത്തിറങ്ങിയ പരിസ്ഥിതിപ്രാധാന്യമുളള ‘മുട്ടായിക്കള്ളനും മമ്മാലിയും’ എന്ന സിനിമയുടെ തിരക്കഥ, സംഭാഷണം, ഗാനരചന, സംഗീതം എന്നിവ ചെയ്തതു ലേഖയാണ്. ലേഖയുടെ ജീവിതപങ്കാളി അംബുജാക്ഷനായിരുന്നു സംവിധാനം.
പിന്നീട് നിരവധി ഷോര്‍ട്ട് ഫിലിമുകളും ആക്ഷേപ ഹാസ്യപരമ്പരകളും ഇവരുടേതായി പുറത്തിറങ്ങി. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.